Wednesday, July 2, 2014

യാത്രകള്‍ സ്മരണകള്‍


         
 
          ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലുമായി എത്രയോ എയര്‍പോര്‍ട്ടുകളിലും റെയില്‍വേസ്റ്റേഷനിലുകളുമായി മലയാളിസമാജം ഭാരവാഹികള്‍ എന്നെ യാത്ര അയച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും ഏകനായി ഇറങ്ങി പരിപാടി സ്ഥലത്തെത്തിയാല്‍ സംഘാടകരുടെ, വലിയ ജനക്കൂട്ടത്തിന്‍റെ, സ്നേഹസന്തോഷങ്ങള്‍ക്കിടയില്‍, കുറെ നല്ല നിമിഷങ്ങള്‍. പിറ്റേന്ന് എയര്‍പോര്‍ട്ടിലോ റെയില്‍വേസ്റ്റേഷനിലോ കൊണ്ടുവിട്ടു കൈവീശിക്കാണിക്കുന്നതോടെ വീണ്ടും ഞാന്‍ ഏകനാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. ആന്തരിക സംവാദവും വായനയുമൊക്കെ ഊര്‍ജ്ജ്വസ്വലമാകുന്ന സമയമാണിത്‌. ചെറുപ്പത്തില്‍ യാത്രകളെ ഭയന്നിരുന്ന ആളാണ് ഞാന്‍. ബസ്സ്‌യാത്രയ്ക്കിടയിലെ സ്ഥിരം വില്ലനായ ഛര്‍ദിയായിരുന്നു പ്രധാന കാരണം. പതിനാറുവയസ്സ് വരെ എന്‍റെ വിചാരം ലോകത്തിന്‍റെ അറ്റം അമ്മയുടെ വീടായ കുന്നംകുളത്തിനടുത്ത കിടക്കൂര്‍ ആണെന്നായിരുന്നു. കലാപ്രവര്‍ത്തനം തുടങ്ങിയതോടെ യാത്രയ്ക്കുള്ള അവസരങ്ങളും എന്നെ തേടിയെത്തി. പിന്നീടെപ്പോഴോ ആണ് ഞാന്‍ യാത്രയെ പ്രണയിക്കുവാന്‍ തുടങ്ങിയത്. ചെറുതും വലുതുമായ യാത്രകള്‍ ചെയ്ത് പതിയെ അതിന്‍റെ ലഹരിയെ ഞാന്‍ അനുഭവിക്കുകയായിരുന്നു. എന്തായാലും യാത്രകള്‍ നമ്മെ വല്ലാതെ നവീകരിക്കുന്നുണ്ട്. കുട്ടനെല്ലൂര്‍ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, കുട്ടനെല്ലൂര്‍ ഗവര്‍മെണ്ട് കോളേജില്‍ മിമിക്രി അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ കൂട്ടുകാര്‍ പോയത്‌ സൈക്കിളില്‍ ആയിരുന്നു. നാട്ടിന്‍പുറത്തെ വേദികളിലേക്ക് ഞാന്‍ പഞ്ഞെതിയതും സൈക്കിളിലാണ്. നടന്നും സൈക്കിളിലും ബൈക്കിലും ടെമ്പോയിലും ജീപ്പിലും ബസ്സിലും ട്രെയിനിലും വിമാനത്തിലും ഒക്കെയായി പ്രോഗ്രാമ്മിനു വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന യാത്രകള്‍.
           എന്നെ മോഹിപ്പിച്ച മറ്റൊരു യാത്രയുണ്ട്. ഒരു ഓണക്കാലത്ത്‌ പ്രോഗ്രാം കഴിഞ്ഞു മായന്നൂരില്‍ നിന്നും ഒറ്റപ്പാലത്തേയ്ക്ക് ഭാരതപ്പുഴയിലൂടെ ഉത്രാടപ്പൂന്നിലാവില്‍കുളിച്ച ഒരു വഞ്ചിയാത്ര. ഒരു തെളിഞ്ഞ ഛായാചിത്രമായി ഇപ്പോഴും അത് ഹൃത്തടത്തിലുണ്ട്. ആദ്യകാലത്ത്‌ തുടക്കക്കാരന്‍റെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിച്ചിരുന്നു. എല്ലാവരും ഉറങ്ങുന്ന രാത്രിയുടെ അര്‍ദ്ധയാമങ്ങളില്‍ കാസര്‍കോട്ടെയും ആലപ്പുഴയിലെയും ബസ്റ്റാന്റിലുള്ള കാത്തിരിപ്പുകള്‍, ചെറു മയക്കത്തിലേക്ക്‌ വീഴുമ്പോള്‍ ഇടയ്ക്കുണ്ടാകുന്ന ഞെട്ടലുകള്‍, വിജനമായ ബസ്‌േററഷനിളിരിക്കുമ്പോള്‍ ഉണ്ടാകുന്ന അകാരണമായ ഭയം, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രസം തോന്നുന്നു.
           വെറും യാന്ത്രികമായ കൈവീശി കാണിക്കലല്ല നിശബ്ദമായ സംവാദമാണ് ചില യാത്രയയപ്പുകളെ വികാരഭരിതമാക്കുന്നത്. അത്തരത്തിലൊന്ന് ഞാനും അനുഭവിച്ചിട്ടുണ്ട്. അമ്മയുടെ വീട്ടില്‍ അവധിക്കാലം ചിലവിട്ടു മടങ്ങുന്ന നേരം., ഞങ്ങളെ യാത്രയയ്ക്കുകയാണ്, അമ്മയും സഹോദരന്മാരുമൊത്ത് മടങ്ങാന്‍ നേരം അമ്മമ്മ നിരാശ നിഴലിക്കുന്ന മുഖവുമായി കുറെ ദൂരം ഞങ്ങളെ അനുഗമിക്കും. പിന്നെ വഴിയോരത്ത്‌ നില്പുറപ്പിക്കും. ഞങ്ങള്‍ കുറെ മുന്നോട്ടു പോയി ഒരു വയലിന്‍റെ അരികിലൂടെ നടന്നു ഒരു വളവെത്തുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കാറുണ്ട്.., അമ്മമ്മ അപ്പോഴും അവിടെ ഞങ്ങളെ തന്നെ നോക്കി നിലക്കുന്നുണ്ടാകും. ആ സമയത്ത് നെഞ്ചില്‍ ഒരു ഭാരം വന്നു നിറയാറുണ്ട്. ഇതെഴുതുമ്പോഴും ആ ഭാരം ഞാന്‍ അനുഭവിക്കുന്നു.